Montage

കാഴ്ചക്കപ്പുറം ഒരു പൂരം

കാഴ്ചക്കപ്പുറം ഒരു പൂരം

കെ. മണികണ്ഠന്‍

ഇന്നാണ് ആശാരിക്കാവിലെപ്പൂരം. റോഡിനിരുവശവും വഴിവാണിഭക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മലഞ്ചരക്കും, മീനും, ചട്ടിയും കലവും, ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങുന്ന ബലൂണും തുടങ്ങി ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുണ്ട്. റോഡരികിലെ മൈതാനത്ത് ആനമയിലൊട്ടകവും സര്‍ക്കസ്സും തകര്‍ത്താടുന്നു. ഉണ്ണിയേട്ടന്റെ കച്ചോടം ഇത്തവണ നേരത്തെ തീര്‍ന്നു.
”നല്ല വെയില്, നേരം രണ്ടുമണിയായിക്കാണും. വരവുകളും മേളവുമെല്ലാം പുറപ്പെട്ടിട്ടുണ്ടാകും. തിരക്കു കൂടുമ്പോഴേയ്ക്കും ഭഗവതി കാത്തു. എല്ലാം നേരത്തെ വിറ്റുപോയി. ഇനി ചെക്കന്‍ വരണം, ഇവിടൊന്ന് പോകണമെങ്കില്‍.” ഉണ്ണിയേട്ടന്റെ ഈ പിറുപിറുപ്പ് കേട്ട് സര്‍ബത്ത് കടക്കാരന്‍ കോയാക്ക ചോദിച്ചു.
” എന്താ മൂത്താശ്ശാര്യേ ഇങ്ങള് തന്നെ പറയണത്. ഞമ്മളും കൂടി കേള്‍ക്കട്ടെ”
ഉണ്ണിയേട്ടന്‍ നിലത്തു വിരിച്ച ചാക്കെല്ലാം ഒതുക്കി മടക്കി കക്ഷത്ത് വെച്ച് കോയാന്റെ അടുത്തേയ്ക്ക് നടന്നു.
” ഒന്നൂല്യന്റെ കോയാ. കച്ചോടം തീര്‍ന്ന്.. ഇന്നെന്താ തെരക്ക് കൂടുതലുണ്ടാ.. ഇനി പോണെങ്കില്‍ ചെക്കന്‍ വരണം. ഓന്‍ എപ്പളാ വരാണാവോ.. ഇയ്യൊരു സര്‍ബത്തിങ്ങെടുത്തേ..”
കോയ സര്‍ബത്തെടുത്ത് അതില്‍ ഐസ് പൊട്ടിച്ചിടുമ്പോഴേയ്ക്കും
” ഐസ് വേണ്ടാ കോയാ. ഇയ്യ് കേള്‍ക്കണുണ്ടാ”. കോയ ഒന്ന് മൂളി. ഉണ്ണിയേട്ടന്‍ തുടര്‍ന്നു.
”കഴിഞ്ഞ കൊല്ലം എല്ലാവര്‍ക്കും ഇരുമ്പിന്റെ തായ മതിയാര്‍ന്ന്. അത് കൊണ്ടോയി കൊത്തിയപ്പോ കയ്യൊന്ന് തരിച്ച്. തരിച്ചോരെല്ലാം ഇത്തവണ മരത്തിലേയ്ക്കു തന്നെ തിരിച്ച്… ഇയ്യ് കേക്കണുണ്ടാ”
കോയ ഒന്നു മൂളികൊണ്ട് സര്‍ബത്ത് കൊടുത്തു. അത് വാങ്ങി ഒരു മുറുക്ക് കുടിച്ചു നോക്കി ഒന്നാസ്വദിച്ചു, എന്നിട്ട് കോയാനോട്..” ഇതില് മധുരല്ലല്ലോ”
”ഇങ്ങള്‍ക്ക് ഈ പ്രായത്തില്‍ ഈ മധുരക്കെ പോരെ” എന്ന് ചോദിച്ചുകൊണ്ട് ഗ്ലാസ് വാങ്ങി അതില്‍ കുറച്ചുകൂടി സര്‍ബത്ത് ഒഴിച്ചു കൊടുത്തു. അത് കുടിച്ചു കൊണ്ട് ഉണ്ണിയേട്ടന്‍ തുടര്‍ന്നു..
” ഇപ്പോ ശരിയായി. ഷെഡില് ഇനീം തായൊക്കെ ഇണ്ട്. ഒന്നുഴിയണം അല്ലാതെ കൊണ്ടുവരാന്‍ പറ്റൂല. കൈക്കോട്ട് ന്ന് പറഞ്ഞാല്‍ നല്ലയിനം കാഞ്ഞിരത്തിന്റെ ഉഴിഞ്ഞ തായകൊണ്ടുണ്ടാക്കിയതാണ്. ഇന്നിപ്പോ, ഇനി വയ്യാ.. പോണം. ഒന്ന് കെടക്കണം.”
ജുബ്ബയുടെ പോക്കറ്റില്‍ നിന്നും കാശെടുത്ത് കോയാനു നല്‍കി. കോയ അതു വാങ്ങി ബാക്കിയും കൊടുത്തു. എന്നിട്ടൊരു പറച്ചിലാ..” ഉണ്ണേയേട്ടാ, ഇങ്ങളൊരു സംഭവാട്ടാ.. മ്മടെക്കെ ഉഷാറ് തന്നെ ഇങ്ങളല്ലേ.”
അത് കേട്ട് തന്റെ പുരികമൊന്നുയര്‍ത്തി രണ്ടു കണ്ണുകളും ഒന്നടച്ചു തുറന്ന് ഉണ്ണിയേട്ടനൊന്നു ചിരിച്ചു.
…………………………………………………..
ഉണ്ണികൃഷ്ണന്‍ അതാണ് ഉണ്ണിയേട്ടന്റെ മുഴുവന്‍ പേര്. വളരെ ചെറുപ്പത്തില്‍ തന്നെ കണ്ണിന് ചെറിയൊരു മങ്ങല്‍ ബാധിച്ചു. പല ഡോക്ടര്‍മാരേയും കണ്ടെങ്കിലും ഫലമുണ്ടായില്ല; കാഴ്ച പൂര്‍ണ്ണമായും നശിച്ചു. പിന്നീട് കൂട്ടുകാര്‍ക്കിടയില്‍ കണ്ണുപൊട്ടനുണ്ണിയായി. വിട്ടുകാര്‍ക്കെല്ലാം ദുശ്ശകുനമായി. ഇരുപത്തെട്ടാമത്തെ വയസ്സില്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കേണ്ടി വന്നു. താമസിയാതെ ഒരു പെണ്‍കുഞ്ഞും പിറന്നു. ആദ്യമൊക്കെ പലരില്‍ നിന്നും പല സഹായങ്ങളും കിട്ടിയിരുന്നെങ്കിലും പിന്നീട് അതെല്ലാം നിലച്ചു. വഴിയറിയാതെ നാലും കൂടിയ ഒരു മൂലയില്‍ ചെന്ന് നിന്ന പോലെയായി ജീവിതം. എവിടേയ്ക്ക് പോകണമെന്ന് യാതൊരു പിടിയുമില്ല. പിന്നെ രണ്ടാമതൊന്ന് ചിന്തിച്ചില്ല. രണ്ടും കല്‍പ്പിച്ച് ഉളിയെടുത്തു. വല്യച്ഛന്‍മാരുടെ ഷെഡില്‍ പോയി സഹായിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ചില്ലറ പരിക്കുകള്‍ നേരിട്ടെങ്കിലും ഉള്‍ക്കാഴ്ചയോടെ അതെല്ലാം തരണം ചെയ്തു. അതികം താമസിയാതെ സ്വന്തമായൊരു ഷെഡുണ്ടാക്കി. ആട്ടിന്‍കൂടും കോഴിക്കൂടുമൊക്കെയായി ഉണ്ണേയേട്ടന്‍ നാട്ടിലെ താരമായി. എന്തൊക്കെയുണ്ടെങ്കിലും കൈക്കോട്ടിനാണ് ആവശ്യക്കാര്‍ ഏറെ. എത്ര കടുപ്പിച്ച് കൊത്തിയാലും ഉണ്ണേയേട്ടന്റെ കൈക്കോട്ടിന് കൈ തരിക്കില്ലാത്രേ. സ്വന്തമായി വീടു വെച്ചു. മകള്‍ ഇപ്പോള്‍ ഡിഗ്രിയ്ക്കു പഠിക്കുന്നു. കണ്ടാല്‍ ആരും പറയില്ല ഉണ്ണിയേട്ടന് കാഴ്ചയില്ലാന്ന്..
…………………………………………………………..
”കോയാ, ആ ചെക്കന്റെ നമ്പറുണ്ടെങ്കില്‍ ഇജ് ഓനെ ഒന്ന് കുത്തിക്കാ”
പറഞ്ഞു തീരുമ്പോഴേയ്ക്കും ചെക്കന്‍ ബൈക്കുമായി അവിടെയെത്തി. ചെക്കന്റെ ശബ്ദം കേട്ടപ്പോഴേയ്ക്കും കോയാനോട് യാത്ര പറഞ്ഞ് ബൈക്കില്‍ കയറി.
ചെക്കനെന്നു വിളിക്കുന്നത് പെങ്ങളുടെ മകനെയാണ്. അവനാണ് ഉണ്ണിയേട്ടന് കുടുംബത്തില്‍ നിന്നുള്ള ഏക സഹായം.
” ടാ, മ്മക്ക് അമ്പലം വഴി പോകാം. ഭഗവതിയ്ക്ക് കാണിക്കയിടണം. പിന്നെ കുറച്ച് ജിലേബിം ആറാം നമ്പറും പൊരിം വാങ്ങണം. മോള്‍ക്ക് ഒര് സെറ്റ് കുപ്പിവളയും.” അവര്‍ പോകുന്നതും നോക്കികൊണ്ട് കോയ പറഞ്ഞു, ‘ആ മനുഷന് കണ്ണുകാണൂലാന്ന് ആരെങ്കിലും പറയോ..’
ക്ഷേത്രപരിസരത്ത് നല്ലതിരക്കാണ്.ക്ഷേത്രത്തിനു മുമ്പിലെ പാടത്താണ് കച്ചവക്കാര്‍ കൂടുതലും. തിരുമുറ്റത്ത് വെയിലേറ്റു നില്‍ക്കുന്ന മൂന്ന് ഗജവീരന്മാരും പഞ്ചവാദ്യവും. അതിനകമ്പടിയായി തലയില്‍ കെട്ടും കെട്ടി താളം പിടിച്ച് ഒരു പറ്റം ചെറുപ്പക്കാരും. കാതുകളില്‍ തട്ടുകടക്കാരുടെ താളവും പഞ്ചവാദ്യത്തിന്റെ താളവും കോളാമ്പി മൈക്കിലൂടെയുള്ള പരസ്യവിളമ്പരവും കൂടിയാകെയൊരു ഉത്സവരാഗം. പാടത്തേയ്ക്ക് ഇറങ്ങാന്‍ അല്‍പ്പം പാടാണ്. കാരണം നല്ല വഴുക്കലുണ്ട്. കഴിഞ്ഞ ദിവസം നേരം തെറ്റിയൊരു മഴ പെയ്തിരുന്നു. അതുകൊണ്ട് പൊടീടെ ശല്യമില്ല. ഉണ്ണിയേട്ടന്‍ ബൈക്കില്‍ നിന്നിറങ്ങി ക്ഷേത്രത്തിലേയ്ക്കു നടന്നു. വഴിയൊക്കെ കാണാപ്പാടമാണ്. ക്ഷേത്രകവാടത്തിലെ കാണിക്കവഞ്ചിയില്‍ ഒരമ്പതുറുപ്പികയിട്ടു. അതു കണ്ടൊരു ഭക്തന്‍ ഉണ്ണിയേട്ടന്റെ കൈ പിടിച്ച് നടയ്ക്കല്‍ കൊണ്ടു നിര്‍ത്തി പറഞ്ഞു ‘നല്ലോണം തൊഴുതോളൂ, നല്ല ശക്തിള്ള ദേവ്യാ’.നടയ്ക്കലേയ്ക്ക് നോക്കി കൈ കൂപ്പിക്കൊണ്ട് ഉണ്ണിയേട്ടന്‍,
” ഇവിടെയല്ല സാറേ, കുറച്ചുകൂടി മുന്നിലേയ്ക്ക് കയറിനിന്നാലേ ഭഗവതിയെ പൂര്‍ണ്ണമായും കണ്ടു തൊഴാന്‍ കഴിയൂ.” അതു കേട്ടതും അയാള്‍ക്ക് മാത്രമല്ല കേട്ടവര്‍ക്കെല്ലാം അതൊരു അമ്പരപ്പായി. ‘അയാള്‍ക്ക് കണ്ണൊക്കെകാണും, ഇത് ആളുകളുടെ സഹതാപം കിട്ടാനുളള നാടകമാണെന്നു’വരെ ചര്‍ച്ചയായി. അതൊന്നും കാര്യമാക്കാതെ ഉണ്ണിയേട്ടന്‍ പൂരപറമ്പിലേയ്ക്ക് നടന്നു. അപ്പേഴേയ്ക്കും ചെക്കന്‍ വന്ന് കൈ പിടിച്ചു. അവിടെ നിന്ന് പൊരിയും ജിലേബിയും ചെട്ടിക്കടയില്‍ നിന്ന് ഒരു സെറ്റ് കുപ്പിവളയും വാങ്ങി. അല്‍പ്പനേരം ആ അമ്പലപ്പറമ്പില്‍ ഒരു ധ്യാനത്തിലെന്നപോലെ അനങ്ങാതെ എന്തോ ആലോചിച്ചങ്ങനെ നിന്നു. കണ്ണുകള്‍ അപ്പോഴും താഴേയ്ക്കും മേലേയ്ക്കും ചലിക്കുന്നുണ്ടായിരുന്നു. അവര്‍ അമ്പലപ്പറമ്പില്‍ നിന്നും തിരിച്ചു. മുറ്റത്ത് ബൈക്കിന്റെ ശബ്ദം കേട്ടതും ശാന്തേട്ത്തി (ഉണ്ണിയേട്ടന്റെ ഭാര്യ) ഉമ്മറത്തെത്തി. ഉണ്ണിയേട്ടന്‍ ബൈക്കില്‍ നിന്നിറങ്ങി ചെക്കനോട്
”നീ പോയിട്ട് വേഗം വാ.. ഇവര്‍ക്ക് വരവൊക്കെ കാണണത്രേ. നീ വേണം കൊണ്ടോവാന്‍”
ചെക്കന്‍ ഒന്ന് മൂളിക്കൊണ്ട് തലയാട്ടി ബൈക്കെടുത്ത് സ്ഥലം വിട്ടു. ഉണ്ണിയേട്ടന്റെ കയ്യില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ശാന്തേട്ത്തി അകത്തേയ്ക്കു പോയി. ഉണ്ണിയേട്ടന്‍ ഉമ്മറത്തെ തിണ്ടേല്‍ ഇരുന്ന് വിളിച്ചു പറഞ്ഞു
”ശാന്തേ..കൊറച്ച് ഉപ്പിട്ട കഞ്ഞിവെള്ളം കൊണ്ടാ.. വരുമ്പം ആ സഞ്ചീല് ഒരു ചെറിയ പൊതിയുണ്ട് അതിങ്ങ് എടുത്തോ.. ” ശാന്തേട്ത്തി ഒരു ഡവറ കഞ്ഞിവെള്ളവും പൊതിയുമായി വന്നു. കഞ്ഞിവെള്ളം മുഴുവനും ഒറ്റവലിയ്ക്ക് കുടിച്ചശേഷം,” മോളെവിടെ, ഇതവള്‍ക്കുള്ളതാ..കുപ്പിവള. നീ അവളെ ഇങ്ങടു വിളിച്ചേ.” കയ്യില്‍ നിന്നും ഡവറ വാങ്ങിയ ശേഷം ശാന്തേട്ത്തി, ‘ഓള്‍ക്കിതൊന്നും പിടിക്കൂല,’ എന്നും പറഞ്ഞ് അകത്തേയ്ക്കു പോയി. അതു കേട്ട് ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം ഉണ്ണിയേട്ടന്‍ തന്നെ വിളിച്ചു..” മോളേ.. അഞ്ജൂ..നീ ഇങ്ട് വാ..”
മുറിയില്‍ മൊബൈലില്‍ കുത്തികൊണ്ടിരിക്കുകയായിരുന്നു മകള്‍. ആ വിളിയൊന്നും അവള്‍ ശ്രദ്ധിച്ചതേയില്ല. വിളിയുടെ ശബ്ദം കനത്തു. അമ്മ അടുക്കളയില്‍ നിന്നും വന്ന് ഫോണ്‍ പിടിച്ചു വാങ്ങി ചോദിച്ചു.”അച്ഛന്‍ കിടന്ന് തൊണ്ട പൊട്ടിക്കുന്നത് നീ കേക്കുണ്ടോടീ..” അമ്മയുടെ കയ്യല്‍ നിന്നും ഫോണും വാങ്ങി അത് കുത്തികൊണ്ടുതന്നെ വല്യ താത്പര്യമൊന്നുമില്ലാതെ അവള്‍ ഉമ്മറത്തേയ്ക്ക് നടന്നു. മകളുടെ കാല്‍പ്പെരുമാറ്റം കേട്ടതും കയ്യിലുള്ള പൊതിയഴിച്ച് മകള്‍ക്കു നേരെ നീട്ടി.
” നിനക്കിഷ്ടമുള്ള കളറാണ്. ഇട്ടു നോക്ക് ഒന്ന് കാണട്ടേ”
അതു വാങ്ങി, ഒന്ന് നോക്കികൊണ്ട് അവള്‍ പറഞ്ഞു ”ഇതു പാകാവില്ലച്ഛാ..”
അതു കേട്ടതും ഉണ്ണേയേട്ടന്‍ ആ വളകള്‍ തിരിച്ചു വാങ്ങി. എന്നിട്ടു പറഞ്ഞു ”മോള്‍ കയ്യൊന്ന് നീട്ടിക്കെ.”
അവള്‍ ഫോണ്‍ തിണ്ടേല്‍ വെച്ച് കൈനീട്ടി. അച്ഛന്‍ മകളുടെ കൈകളില്‍ ആ വളകളെല്ലാം ഇട്ടുകൊടുത്തു. എന്നിട്ടു ചോദിച്ചു.” പാകല്ലേ മോളേ”
”ഉം’
” അച്ഛന്‍ പറഞ്ഞില്ലേ മോള്‍ക്ക് പാകാവും ന്ന്. എന്റെ കുട്ടിയ്ക്ക് എത്ര വള വാങ്ങി തന്നതാ അച്ഛന്‍. എന്ത് ഭംഗിയാ ഇപ്പോ ആകൈകള്‍ കാണാന്‍. മോളൊന്ന് നോക്കിക്കേ..”
അപ്പോഴും തിണ്ടേലിരിക്കുന്ന ഫോണില്‍ തുരുതുരാ മെസ്സേജുകള്‍ വന്നു കൊണ്ടിരിക്കുന്നു. കൈകള്‍ അച്ഛന്റെ കൈയ്യിലാണെങ്കിലും അവളുടെ കണ്ണ് ഫോണിലേയ്ക്കാണ്. മകളുടെ ആ കൈകളില്‍ പരതിക്കൊണ്ട് ഉണ്ണിയേട്ടന്‍ ചോദിച്ചു ”അച്ഛന്റെ സെലക്ഷന്‍ മോള്‍ക്കിഷ്ടായില്ലേ..എന്താ മറുപടിയൊന്നും പറയാത്തെ”
അവള്‍ ഒന്നും മിണ്ടാതെ അല്‍പ്പനേരം നിന്നു. തിണ്ടേലിരുന്ന ഫോണ്‍ ദൂരേയ്ക്ക് നീക്കി അവള്‍ അച്ഛന്റെ മാറോടു ചേര്‍ന്നിരുന്നു. അവളുടെ കണ്ണുകള്‍ ഈറനണിയുന്നത് ആ അച്ഛന് കാണാമായിരുന്നു. അച്ഛന്‍ അവളെ ചേര്‍ത്തു പിടിച്ചു. അപ്പോഴേയ്ക്കും ശാന്തേട്ത്തിയും അവിടേയ്‌ക്കെത്തി. എന്നിട്ടൊരു ചോദ്യം ” ഇതെന്താ അച്ഛനും മകളും കൂടി ഒരു സ്വകാര്യം പറച്ചില്‍.”
”ഒന്നൂല്ല്യടീ ചില തായകള്‍ക്ക് ചിലപ്പോ ചെറിയ പോടുകളും പാടുകളുമൊക്കെയുണ്ടാകും. ഒന്നമര്‍ത്തിയുഴിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു”
” ഞാനുണ്ട് എന്റെ മോള്‍ടെ കൂടെ ഇത്തവണ വരവ് കാണാന്‍, എത്ര കാലായി വരവ് കണ്ടിട്ട്.”…..

0

കെ. മണികണ്ഠന്‍

മലപ്പുറം ജില്ലയിലെ എടപ്പാള്‍ കാലടിയില്‍ 1987-ല്‍ ജനനം. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോയില്‍ നിന്നും ഡിപ്ലോമ ഇന്‍ സൈബര്‍ ലോ, തൃശ്ശൂര്‍ ഭവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍& ജേര്‍ണലിസത്തില്‍ നിന്നും പി ജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം എന്നിവ പൂര്‍ത്തിയാക്കി. അമൃത ടിവി യില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി കരിയറില്‍ തുടക്കം. ആനുകാലികങ്ങളിലും പത്രങ്ങളിലും പതിവായായി എഴുതിക്കൊണ്ടിരിക്കുന്നു. വിധിയെതോല്‍പ്പിച്ച വിസ്മയങ്ങള്‍, മഞ്ഞ് മഴ ജീവിതം എന്നീ രണ്ട് യാത്രാവിവരണ പുസ്തകങ്ങളുടെ കര്‍ത്താവാണ്.

View All Authors >>

Leave a Reply

Your email address will not be published. Required fields are marked *

3 × three =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top