Montage

ജടായു

ജടായു

Anjusha K B

സാരാംശം :

സ്വന്തം ആവാസവ്യവസ്ഥകളെ ആദരിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അടക്കാനാകാത്ത ആർത്തിയോടെയുള്ള പ്രകൃതിവിഭവങ്ങളുടെ ചൂഷണമാണ്. ദുർഗന്ധം വമിപ്പിക്കുന്ന വിശപ്പാണ് നമുക്കെന്ന് അറിഞ്ഞിട്ടും നമ്മൾ സൂക്ഷിക്കുന്ന മൗനത്തിനുള്ള മറുപടിയാണീ കഥ.

കഥ:

ഗരുഡ ഡ്രൈവിംഗ് സ്ക്കൂളിന്‍റെ മുറ്റം സാഹിർ ഇന്നത്തേക്ക് തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ടായിരുന്നു. അങ്ങോട്ടേക്കുള്ള വഴി വീട്ടിലേതു പോലെ ഇടുങ്ങിയതും വണ്ടി ഒരിഞ്ചു മാറിയാൽ കുടുങ്ങി പോകുന്നതുമാണ്. ഫോർഡ് എൻഡീവർന്‍റെയൊരു മോഡൽ രാവിലെ തന്നെ കാർ ഷോപ്പിൽ നിന്നും ഏർപ്പാടാക്കി. അതാദ്യം ഗ്രൗണ്ടിലേക്ക് ഇതിലൂടെ എത്തിക്കുന്നവന് ഡ്രൈവർ നിയമനത്തിൽ മുൻഗണന.

കീഴങ്ങാടിയിലെ പാടവും, മണ്ണാർക്കാട്ടെ ഒന്നരയേക്കറും വിറ്റു കാർ വാങ്ങിയതിന് നാട്ടിലാകെ ഒരു ചടപ്പ് സാരമുണ്ടെന്നയാൾക്കറിയാം. നേരിട്ടത് പറഞ്ഞവരോടൊക്കെ അയാളിങ്ങനെ പറഞ്ഞു.

“ഇക്കണ്ട വഴിയൊക്കെ മനുഷ്യന്മാരും ചക്രങ്ങളുമൊക്കെ നീങ്ങി നീങ്ങി തേഞ്ഞുപോയില്ലേ. ഞാൻ കുറച്ചധികം പുതിയ വീതിയുള്ള വഴിയുണ്ടാക്കാൻ പോകാണ്… വല്ല്യ വണ്ടി വേണമതിന്. അപ്പൊ തോനെ പൈസേം…”

പള്ള വീർത്തു നിലം കാണാൻ കഴിയാത്തോനാണ് ഇനി പുത്തൻ വഴിയുണ്ടാക്കണേ.. തലയ്ക്കു മുകളിൽ നിന്ന് വാപ്പേം ഉപ്പൂപ്പേം നിലവിളിക്കുമെന്ന് താക്കീത് നൽകിയവർ ഇടുങ്ങിയ വഴികളിലൂടെ നടന്നു.

അയാളിതുവരെ മയ്യത്തായോരെ ഓർത്തിട്ടില്ല, അതുകൊണ്ടുതന്നെ അവരുടെ നിലവിളി കേട്ടിട്ടുമില്ല.

“എന്തിനാടാ ഇങ്ങനൊരു ഏർപ്പാട്..? നാട്ടിലുള്ള ആരേലും പണിക്ക് വെച്ചാ പോരെ.. 10 ഉർപ്യ വീട്ടിക്ക് കൊടുക്കാൻ കഴിയാത്ത എത്ര ചെക്കന്മാരും പെണ്ണുങ്ങളുമുണ്ടീ നാട്ടില്.. അപ്പഴാ ഇയ്യ് ഇറക്കുമതിക്കാരെ കൂടെ വിളിക്കണേ.”

അൽതാഫ് പറഞ്ഞത് സത്യമാണ്. മീശയും മുടിയും കറുത്തവർക്കാർക്കും ജോലിയില്ല, പണമില്ല.

പത്തുപത്രണ്ടു് മണിക്കൂർ പണിയെടുത്താലും അവനു കിട്ടണ ശമ്പളത്തേക്കാൾ വിലയുണ്ട് വരാൻ പോകുന്ന വണ്ടിക്ക് സാഹിർ പറഞ്ഞേല്പിച്ച കാർഷീറ്റിനു. അൽത്താഫിന് വളയം പിടിക്കാനറിയാത്തതിനാൽ അയാൾ മാത്രം ഡ്രൈവർ തസ്തികക്ക് ശുപാർശ ചെയ്തില്ല.

സാഹിർ ഗ്രൗണ്ടിലേക്ക് നടന്നു. മൂന്നുകാലുകളുള്ള ചലം കൊണ്ടുണ്ടാക്കിയൊരു ജീവി വട്ടപൂജ്യത്തിനു മുകളിൽ കയറി നിൽക്കുന്ന പോലെയാണ് അയാൾക്ക് സ്വയം തോന്നിയത്. ഉമ്മയുടെ പേരിലുണ്ടായിരുന്ന മേൽപ്പാറകുന്ന് പൊട്ടിക്കാൻ വെച്ച വെടിമരുന്നിലൊന്നു നിറച്ചപ്പോഴുണ്ടായ അപകടത്തെത്തുടർന്ന് കൂടെ കൂടിയതാണീ വോക്കിങ് സ്റ്റിക്ക്. പാറപൊടിച്ചു ചാക്കിലാക്കി കച്ചവടവും കഴിഞ്ഞു. ഇപ്പോഴുമീ വലത്തേകാലിന്‍റെ എല്ലിൽ ഇറച്ചി പിടിക്കുന്നില്ല. നാശം!!!

മണ്ണിടിച്ചിലിൽ നാടൊലിച്ചു പോയതിനാൽ മേൽവിലാസമില്ലാതായവനായിരുന്നു ആദ്യത്തെ മത്സരാർത്ഥി. അവന്‍റെ കാലിലെ ചേറിന്‍റെ കറയിപ്പോഴും പോയിട്ടില്ലെന്ന് അൽത്താഫ് ഇടങ്കണ്ണിട്ട് സാഹിറിന് കാണിച്ചുകൊടുത്തു. പഞ്ചായത്ത് പൈപ്പിന്‍റെ അകിട് ഞെക്കിപ്പിഴിഞ്ഞു ഒരു കപ്പ് വെള്ളം അവരവന് കറകളയാൻ നൽകി. വിയർപ്പുചാലുകളൊഴുകിയ അടയാളങ്ങളിലൂടെ പോകവേ ആ കോപ്പയിലെ വെള്ളമത്രയും അവന്‍റെ ദേഹത്തിന്‍റെ ചൂടിൽ ആവിയായത് എത്ര പെട്ടന്നാണ്. ഗ്രൗണ്ടിന്‍റെ പിറകിലെ “കട്ടില് മാത്തന്‍റെ” വീട്ടിൽ നിന്നുമൊരു കുടം തെളിനീര് വരുത്തി നോക്കിയിട്ടുമാ കറ കളയാനായില്ല. തേച്ചിട്ടും മാച്ചിട്ടും പോകാത്ത കറയുള്ളവന്‍റെ കാലിൽ തന്‍റെ ഉടുമുണ്ടൂരി വരിഞ്ഞു കെട്ടി സാഹിർ പോംവഴിയുണ്ടാക്കി. കാറിൽ ചളിയാകരുത് എന്നത് മാത്രമാണല്ലോ നമ്മുടെ പരമപ്രധാനമായ ലക്ഷ്യം എന്ന് ചുറ്റുമുള്ളവരെ ഒന്നുകൂടി ഓർമിപ്പിച്ചു കൊണ്ട് പോക്കറ്റിൽ നിന്നുമൊരു വിസിലെടുത്തു കൂവി തുടക്കം കുറിച്ചു.

ആക്സിലറേറ്ററിൽ ആഞ്ഞൊരു ചവിട്ടുകൊടുത്തു മത്സരാർത്ഥി വണ്ടിയേം കൊണ്ട് ഇടുങ്ങിയ വഴിയിലെ വലത്തേ മതിലിനെ കൊണ്ടുപോയിടിച്ചു മുന്നോട്ട് നീങ്ങി. കട്ടില് മാത്തന്‍റെ പറമ്പിലൂടെ മൂന്നാല് വട്ടമിട്ടോടിച്ചതിനുശേഷം അടുക്കിപെറുക്കിവെച്ചിരുന്ന മരത്തടികളിലിടിച്ചു കലിയടങ്ങാതെ തളച്ച കൊമ്പനെ പോലെയാ കൂറ്റൻ വണ്ടി മുന്നോട്ടും പിറകോട്ടുമായി നീങ്ങി ചിന്നംവിളിച്ചുകൊണ്ടിരുന്നു. സാഹിറിന്‍റെ വീട്ടിലേക്ക് വൈകീട്ടെത്തിക്കാനുള്ള കഞ്ഞിപ്പശ വയറ്റിലൊട്ടിയ ചെറിയ മൂരിക്കുട്ടൻ ഈ ബഹളമെല്ലാം കണ്ട് കൂട്ടത്തിലാരുടെയോ കയ്യിൽ നിന്നും കുതറിയോടി ഇടത്തെ മതിലും പൊളിച്ചു. കണ്മുന്നിലൂടെയെല്ലാം തകർന്നു വീഴുമ്പോഴുള്ള ഭയം അവരെയറിച്ചുകൊണ്ട് കാലിൽ നിന്നും ഉടുമുണ്ട് വലിച്ചൂരി മേൽവിലാസമില്ലാത്തവൻ അട്ടഹസിച്ചുകൊണ്ട് നടന്നുപോയി.

ഉണ്ടായ നഷ്ടങ്ങൾക്കെല്ലാം കണക്കെഴുതാൻ സാഹിർ അൽത്താഫിനെയേൽപ്പിച്ചു. സഹീറിനെ ഞെട്ടിച്ചു കൊണ്ടയാൾ അതിനൊരു കൂലി ആവശ്യപ്പെടുകയും ചെയ്തു. സന്തർഭോചിതമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നവർ ഭാഗ്യവാന്മാർ!!!

വഴിമുഴുക്കെ മതിലുപൊളിഞ്ഞു കിടപ്പാണ്. ഇഷ്ടിക കണക്കിൽ നഷ്ടപരിഹാരം കൊടുക്കുമെന്നേറ്റതിനാൽ പൊട്ടിപ്പൊളിഞ്ഞ കഷ്ണങ്ങളുടെ അവകാശത്തെച്ചൊല്ലി അവിടെ രണ്ട് സ്ഥലമുടമകൾ തമ്മിൽ തർക്കം നടക്കുകയാണ്. എന്നാലും സാഹിറിന് പിന്മാറാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല.

അയാൾ അടുത്ത മത്സരം ഇങ്ങനെ പ്രഖ്യാപിച്ചു.

“കട്ടില് മാത്തന്‍റെ പെരയില് നിന്നാവണ്ടി ഇറക്കി ഗ്രൗണ്ടിലെത്തിക്കുന്നവന് ജോലിക്ക് മുൻഗണന.”

ഇപ്രാവശ്യം വന്നത് മൂക്കില്ലാത്തവനായിരുന്നു. പുകതുപ്പുന്ന വലിയ കുഴലുകളുള്ള ഫാക്ടറികൾ വന്നതിൽ പിന്നെ ജീവൻരക്ഷാര്‍ഥം അവന്‍റെ നാട്ടുക്കാർ സ്വയം മൂക്കുകൾ മുറിച്ചവരായിരുന്നു. ശ്വാസമെടുക്കാതെ കരയിൽ ജീവിക്കാൻ കഴിയുന്ന വിഭാഗം എന്ന പുതിയ കാറ്റഗറി ഉണ്ടാക്കി അവർക്ക് സംവരണം നൽകണമെന്ന സമരം ശക്തമായി നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഇക്കൂട്ടർ നമ്മെ വഞ്ചിക്കയാണെന്നും മൂക്ക് ചെത്തിക്കളഞ്ഞാലും വായു ഉള്ളിലേക്കെത്താനുള്ള സുഷിരങ്ങൾ അവർ ബാക്കിവെച്ചിട്ടുണ്ടെന്നു സർക്കാർ ഏർപ്പെടുത്തിയ മെഡിക്കൽ സംഘം സാക്ഷ്യം നൽകിയത്. അങ്ങനെയതൊരു തോറ്റ സമരമായി. സർക്കാരിനും മനുഷ്യർക്കും വേറെയെന്തെല്ലാം ചിന്തിക്കാനിരിക്കുന്നു.

മൂക്കില്ലാത്തവൻ വണ്ടി പറമ്പിൽ നിന്നെടുത്തു ഗ്രൗണ്ടിലിറക്കിയെങ്കിലും വാഹനത്തിനുള്ളിൽ വെച്ച വിദേശ അത്തറിന്‍റെ മണം ആസ്വദിക്കാനവൻ ശ്രമിച്ചു കൊണ്ടിരുന്നു.
അവരുടെ നാട്ടിൽ അത്തറില്ലല്ലോ!!!

എത്ര ശ്രമിച്ചിട്ടുമവന്നതിന്‍റെ ഗന്ധം കിട്ടിയില്ല. എല്ലാ സുഷിരങ്ങളും കരിപിടിച്ചടഞ്ഞു പോയിരിക്കുന്നു.

കറുത്തുചുരുങ്ങിയ അയാളുടെ ശ്വാസകോശത്തിൽ നിന്നുവന്ന ചാരം വണ്ടിക്കുള്ളിലാകെ നിറഞ്ഞു കണ്ണുകാണാതെയയാൾ വണ്ടി മൂക്കുള്ള മനുഷ്യരുടെ നേരെയോടിച്ചുകയറ്റി. ആളപായമുണ്ടായില്ലെങ്കിലും കാഴ്ചക്കാരിൽ ചിലർക്ക് ചെറിയ പരിക്കുകൾ പറ്റി. പ്രാണരക്ഷാർത്ഥം ആളുകൾ ഓടുമ്പോൾ എന്തെല്ലാം സംഭവിക്കാം എന്നവരെ പഠിപ്പിച്ചുകൊണ്ട് മൂക്കില്ലാത്തവൻ ചുമച്ചു ചുമച്ചു കരിതുപ്പി പോയി. നിലവിളികളോടൊപ്പം വായുവിലലിഞ്ഞ വീര്യമുള്ളൊരു അത്തറിന്‍റെ മണം നൽകിയ മത്തിൽ എല്ലാവരും കുറച്ചു നേരം മണ്ണിൽ വീണുറങ്ങി.

മൂന്നാമത് വന്നവൻ കണ്ണീരൊഴുക്കിയവിടമാകെ പ്രളയമുണ്ടാക്കി, നാലാമത് വന്നവൻ അവരുടെ മുൻപിൽ വെച്ച് അനേകം കാരണങ്ങളാൽ ആത്മഹത്യ ചെയ്തു.

വന്നവരെയെല്ലാം ഉൾപ്പെടുത്തി സഹീർ തന്‍റെ മത്സരം തുടരുകയും, മത്സരാർത്ഥികളെല്ലാം തന്നെ പലവിധത്തിലുള്ള നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. പൂർവികരുണ്ടാക്കിയ സമ്പത്തിന്‍റെ കൂമ്പാരം ഒരറ്റത്തു നിന്നു അൽത്താഫ് മാന്തിയെടുത്തു പരാതിക്കാർക്കു കൊടുത്തു ക്ഷീണിച്ചു പോയിരിക്കുന്നു. രാവിലെ കണ്ടതിലും കൂടുതൽ അയാൾക്ക് പ്രായമേറിയിരിക്കുന്ന കാര്യം സാഹിർ സൗകര്യപൂർവം മറന്നുകളഞ്ഞു. ഇപ്പോഴയാള്‍ തന്‍റെ “കൂലിക്കാരൻ” മാത്രമാണെന്നതിനാലാവാം അങ്ങനെ സംഭവിച്ചത്.

സന്ധ്യയോടുകൂടി തിരിച്ചറിയാനാകാത്ത വിധത്തിൽ ആ പ്രദേശം മാറിപോയിട്ടുണ്ടായിരുന്നു. ഇപ്പോഴവിടെ പരിക്കേറ്റവരും, പണം ലഭിച്ചവരും, കലഹിക്കുന്നവരും മാത്രമാണുള്ളത്. കൂടുതൽ അപകടങ്ങൾ ഉറപ്പുള്ള സാമ്പത്തിക ഭദ്രത നൽകുമെന്നോർത്ത് നാട്ടുകാർ അവരവരുടെ വീട്ടിലുള്ളവരെയെല്ലാം പറമ്പിൽ കൊണ്ടുവന്നു നിറച്ചു. കട്ടില് മാത്തൻ ടിക്കറ്റ് പൈസ ഈടാക്കിയാണിപ്പോൾ സ്വന്തം പറമ്പിലേക്ക് ആളുകളെ കയറാൻ സമ്മതിക്കുന്നത്. ഗ്രൗണ്ടിനടുത്തു ചെറിയൊരു പെട്ടിക്കടയൊരുക്കാൻ കണ്ണപ്പൻ ചെട്ടിയാര്‍ പേരറിയാത്തൊരുത്തന് ഇന്നത്തേക്ക് മാത്രം പണം പലിശക്ക് നൽകി, സർക്കാർ റോട്ടിലെ അനധികൃത സംരംഭങ്ങൾ പൊളിച്ചു നീക്കുമെന്ന് പറഞ്ഞു വന്ന ഉദ്യോഗസ്ഥർ ഒടുവിൽ വാടകച്ചീട്ടു എഴുതികൊടുത്തു മടങ്ങി. ചുരുക്കത്തിൽ എല്ലാവരും കച്ചവടക്കാരായെന്ന സവിശേഷത ഒരു ദിവസം കൊണ്ടിവിടുള്ളവർ നേടിയെടുത്തു.

ഇരുട്ടിത്തുടങ്ങിയതിനാൽ നല്ലവണ്ണം കൂർപ്പിച്ചു നോക്കിയവരാണ് ഏറ്റവും ഒടുവിലെ പരീക്ഷാർത്ഥിയെ കണ്ടത് – എല്ലുന്തി, ചോരവറ്റി, മുറിവേറ്റൊരുത്തി!!

പെണ്ണോ???

രാത്രിയിൽ കണ്ണുചത്തവർ കണ്ടുറപ്പിക്കാൻ പാട്പെട്ടു. അവൾക്ക് നാഭികളോ, മാറിടങ്ങളോ പൂർണമായ ശരീരഭാഗങ്ങളോ ഉണ്ടായിരുന്നില്ല. ഇരുട്ടിനാവോളം കയറിയിറങ്ങാനുള്ള വലിയൊരു ദ്വാരം മാത്രമായിരുന്നു ആ സ്ത്രീ. ഗ്രൗണ്ടിന്‍റെയറ്റത്തൊരിടത്തിരുന്ന സാഹിർ ചാവി കൊടുക്കുമ്പോഴവൾ തന്‍റെ ദേഹത്തു നിന്നൊരു കഷ്ണം ഇറച്ചി പറിച്ചെടുത്തു അവന്‍റെ വലത്തേകാലിലേക്കിട്ടു കൊടുത്തു. നാണംകെട്ട എല്ല് അതിനെയും നക്കിയിരുന്നു സാവധാനത്തിൽ മുറിവുണങ്ങി . അവളാ വണ്ടിയുടെ വാതിൽ തുറന്ന് ആദ്യമൊരു ഹോണടിച്ചു, തീക്ഷ്ണമായ അതിന്‍റെ ഹെഡ്‍ലൈറ്റ് ഓൺ ചെയ്ത് അവിടമാകെ വെളിച്ചം കുത്തിനിറച്ചു തയ്യാറായി.

സാഹിറിന് വേച്ചുകെട്ടിയ ഇറച്ചിയിലാകെയൊരു നീറ്റലനുഭവപ്പെട്ടു, വലിച്ചു പറിച്ചെറിയാനാകാത്ത വിധം അതയാളുടെ ദേഹത്തൊട്ടിയിരിക്കുന്നു. വെന്തുരുകിയ ഇറച്ചിക്ക് മേൽപ്പാറ കുന്നിനെ തുരന്ന വെടിമരുന്നിന്‍റെ മണമാണെന്നറിഞ്ഞ ഞെട്ടലിൽ അലറി വണ്ടിയുടെ അടുത്തേക്കോടാൻ ശ്രമിക്കവേ അവന്‍റെ കണ്ണുകൾ പുറകോട്ട് മറിഞ്ഞു.

പിറ്റേന്നു രാവിലെ പണം വാങ്ങാൻ വന്ന വേലപ്പചെട്ടിയാരും, ഉദ്യോഗസ്ഥരും ഗ്രൗണ്ടിരുന്നിടത്തു കണ്ടത് ചോരയുടെ നിറമുള്ള കുളമായിരുന്നു. അതിന്‍റെ ഒത്തനടുവിൽ സാഹിർ പൊന്തിക്കിടക്കുന്നു. അവരോടിയില്ല ഭയപ്പെട്ടില്ല, അവർക്കിവിടുള്ള മനുഷ്യരെ നന്നായി അറിയാമായിരുന്നു നാണയങ്ങളെ ചൂണ്ടയിൽ കുരുക്കിയവർ കുളത്തിലേക്കിട്ടു. മയ്യത്തായ മീനുകൾ ഇരകൊത്തില്ലെന്നു പറയാനാ നാട്ടിൽ ആരും ബാക്കിയുണ്ടായിരുന്നില്ല.

മുറിവേറ്റവളെ അപഹരിക്കുന്നത് കണ്ടിട്ടും എന്ത് കൊണ്ട് നിങ്ങളാരും ജടായുവായില്ല?? ചത്തു പൊന്തിയ സാഹിറും, ഭാരം മൂലം ആഴ്ന്നുപോയ നാട്ടുകാരും ഒരു നിലവിളിയും കേട്ടില്ലെന്നു മറുപടി പറയുമായിരിക്കും. കാതുകൾ പൊത്തിപ്പിടിച്ചതും മരണാര്‍ഹമായ തെറ്റ് തന്നെ!!

ദ്വാരങ്ങളുടെ മുറിവിൽ നീരുവറ്റി വേദനിച്ചിരുന്നവൾ നിസ്സഹായ ആയതിനാൽ മാത്രമല്ല നമ്മുടെ അമ്മകൂടിയായതിനാലാവാം ഇത്രമാത്രം ക്ഷമിച്ചത്.

55

അഞ്ജുഷ കാപ്പാട്ട് ബാലു

മലപ്പുറം ജില്ലയിൽ ജനനം. ഹൈദരാബാദിൽ ജനറൽ ഇലക്ട്രിക്കിൽ കണ്ട്രോൾ സിസ്റ്റം എഞ്ചിനീയർ ആയി ജോലി ചെയുന്നു. കേരള യൂണിവേഴ്സിറ്റി ചെറുകഥ മത്സരത്തിൽ സമ്മാനർഹ ആയിട്ടുണ്ട്. ഒലിവ് ബുക്സ് പ്രസിദ്ധികരിച്ച “പെൺമഴയോർമകൾ “എന്ന പുസ്തകത്തിലൂടെ തുടക്കം. ആഴ്ചപ്പതിപ്പുകളിലും പത്രങ്ങളിലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ൽ “അപരിചിതരുടെ ഭൂഖണ്ഡങ്ങൾ ” എന്ന ചെറുകഥാസമാഹാരം പുറത്തിറങ്ങുന്നു.

View All Authors >>

55 thoughts on “ജടായു”

Leave a Reply

Your email address will not be published. Required fields are marked *

13 − seven =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top