Montage

മൂന്നു കഥകള്‍

മൂന്നു കഥകള്‍

By റഹ്മാൻ കിടങ്ങയം                 

                                               1. ഇര

        കുന്നിൻ മുകളിൽ ഒരു വീട്. ഓടുമേഞ്ഞത്.

   ചുറ്റും പ്രശാന്തമായ അന്തരീക്ഷം.മുകളിൽ അനന്തമായ നീലാകാശം.വീട്ടിൽ അയാളും ഭാര്യയും മാത്രം. ആരുടെയും ശല്യമില്ലാതെ ഉണ്ടും ഉറങ്ങിയും പ്രണയിച്ചും….

   ഇതൊക്കെയായിരുന്നു അവളുടെ സ്വപ്നം. അയാൾ അതു കേട്ട് പരിഹസിച്ചു ചിരിക്കും. നിന്റെയൊരു കാല്പനിക സ്വപ്നം എന്ന് കളിയാക്കും.

   എങ്കിലും ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന വൈകുന്നേരങ്ങളിൽ തിരക്കേറിയ നഗരത്തിലെ ഫ്ളാറ്റിന്റെ മൂന്നാം നിലയിലുള്ള അയാളുടെ വാടക മുറിയുടെ ബാൽക്കണിയിലിരുന്ന് താഴെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന നഗരത്തിന്റെ വെപ്രാളങ്ങളിലേക്ക് അലസം മിഴികളയക്കുമ്പോൾ അവളുടെ സ്വപ്നത്തെക്കുറിച്ച് അയാളും ഗൗരവമായി ചിന്തിക്കാറുണ്ട്.

   പക്ഷെ അങ്ങനെ പ്രശാന്തമായ ഒരു കുന്നിൻപുറം എത്ര അന്വേഷിച്ചിട്ടും അയാൾക്കു കണ്ടെത്താനായില്ല. കുന്നുകൾ വിലയ്ക്കു വാങ്ങുന്ന കമ്പനികൾ അതെല്ലാം കയ്യടക്കിയിരുന്നു.

    ഒടുവിൽ ഭാര്യയുടെ ആശ സഫലമാക്കാൻ കഴിയാതെ തന്നെ അയാൾ മരിച്ചു.

    മരണാനന്തരം ഒരു കുന്നായി പുനർജ്ജനിച്ചു. അവിടെ ഭാര്യ ഒരു വീട് വെക്കുകയും ചെയ്തു. പക്ഷെഅയാളുടെ കടബാധ്യതകൾ ഭീമാകാരം പൂണ്ട മണ്ണുമാന്തികളായി വന്ന് ആ കുന്നും ഇടിച്ചു നിരപ്പാക്കി.

    ഇരയായി ജീവിച്ച രണ്ടു ജന്മങ്ങളും വിഫലമായി എന്ന് അയാൾക്ക് തിരിച്ചറിവുണ്ടായി. ഇതു വേട്ടക്കാരുടെ കാലമാണ്.

   അടുത്ത ജന്മത്തിൽ ഒരു ജെ.സി.ബി.യായിത്തന്നെ ജനിക്കണം.

                                                        2. നിയോഗം

   പുല്‍ച്ചാടി ഇലയോട് പറഞ്ഞു:

  “നിന്‍റെ നിറം സ്വീകരിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവനെന്ന നിലയ്ക്ക് നിനക്കെന്നോടൊരു ബാധ്യതയുണ്ട്. ശത്രുക്കളില്‍ നിന്നെന്നെ രക്ഷിക്കുക എന്നത്. പക്ഷെ, ഒരു തവളയോ പച്ചിലപ്പാമ്പോ എന്നെ എളുപ്പം കണ്ടെത്തുന്നു. നീയന്നേരം നിര്‍വ്വികാരതയുടെ പുതപ്പണിഞ്ഞു പുണ്യാളനാവുകയാണ്”

   ഇല ചിരിച്ചുകൊണ്ട് മറുപടിയോതി:

   “അവനവന്‍റെ രക്ഷ അവനവനില്‍ തന്നെയാണ് സുഹൃത്തെ. എന്‍റെ നിറത്തിലേക്കു സന്നിവേശിച്ച പോലെ ശത്രുവിന്‍റെ കണ്ണിലൊതുങ്ങാതെ അദൃശ്യനാവേണ്ടതും നിന്‍റെ മാത്രം ബാധ്യതയാണ്.ഞാന്‍ നിനക്കൊരു ഇരിപ്പിടം മാത്രമാണല്ലോ”

ഇലയുടെ വാക്കുകളുടെ പൊരുളിനുമേല്‍ പുല്‍ച്ചാടി കുറെ നേരം അടയിരുന്നു. പിന്നെ, തന്‍റെ നേരെ അടുത്ത ശാഖയില്‍ നിന്നും ഇഴഞ്ഞുവരുന്ന പച്ചിലപ്പാമ്പിന്‍റെ ആര്‍ത്തിക്കണ്ണുകള്‍ക്ക് നേരെ ജാഗരൂകനായി.

                                                            3. പ്രണയം

   “നീ ഭൂമി. ഞാന്‍ ആകാശം”

എന്‍റെ ഉപമ കേട്ട് ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു.

  “എങ്കില്‍ നീ പെയ്തുകൊണ്ടേയിരിക്കുക. ഞാന്‍ നിറഞ്ഞുകൊണ്ടേയിരിക്കട്ടെ”

rahmankidangayam@gmail.com

1

One thought on “മൂന്നു കഥകള്‍”

  1. **ജാതി** (മിനി കഥ)
    ———————–
    “…….സുഹൃത്തുക്കളേ, അപ്പോൾ ഞാൻ പറഞ്ഞുവന്നത്…സാമൂഹ്യ അനാചാരമായ ജാതിചിന്തയെപ്പറ്റിയാണല്ലോ.നാമോരോരുത്തരും ജീവിതത്തിൽനിന്ന് ഈ പിശാചിനെ ആട്ടിപ്പുറത്താക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്നർത്ഥം.മഹാന്മാരുടെ ഉദ്ബോധനങ്ങൾ നാം വിസ്മരിച്ചുകൂടാ.ഉന്നതനെന്നോ,അധ:സ്ഥിതനെന്നോ ഭേദമില്ലാതെ നമ്മളൊന്നാണെന്ന സമഭാവനയാണ് നാം വച്ചുപുലർത്തേണ്ടത്…”
    പ്രസംഗം കത്തിക്കയറുമ്പോൾ സദസ്യരിൽചിലർ എന്തോസ്വകാര്യംപറയുന്നത് നേതാവിന്റെ ശ്രദ്ധയിൽപ്പെട്ടു.പരിഭ്രമത്തോടെ അദ്ദേഹം തുടർന്നു:
    “….പ്രിയപ്പെട്ടവരേ, അധ:സ്ഥിതർക്കുവേണ്ടി ഇത്ര ഘോരമായിവാദിക്കുന്നത് ഞാൻ അധ:കൃതവിഭാഗത്തിൽപ്പെട്ടവനായതുകൊണ്ടാണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുതേ! നല്ല അസ്സൽ നായരാ! മൂപ്പിൽനായരുടെ പാരമ്പര്യത്തിൽ വരും.പിന്നെ…(ശബ്ദംതാഴ്ത്തി,ചെറു ചിരിയോടെ)…മുത്തശ്ശൻ നമ്പൂരിയായിരുന്നെന്ന് മുത്തശ്ശി പറഞ്ഞുകേട്ടിട്ടുണ്ട്…..!”
    സദസ്സ് പെട്ടെന്ന് നിശ്ശബ്ദമായി.

Leave a Reply

Your email address will not be published. Required fields are marked *

eleven + 14 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top