അക്കാദമി എന്ന് മാത്രം പറഞ്ഞാൽ , ഞങ്ങൾ കരിവെള്ളൂരുകാർക്ക് അത് അക്കാദമി ട്യൂട്ടോറിയൽസ് ആയിരുന്നു. സമീപ പ്രദേശങ്ങളിലെ കുട്ടികൾ , സ്വന്തം നാട്ടിലെ സ്കൂളിൽ ചേരാതെ , “അക്കാദമിക് ” വിദ്യാഭ്യാസം കൂടി നേടാനായി കരിവെള്ളൂരിലേക്കൊഴുകിയിരുന്ന കാലം .അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ അഹങ്കാരം തന്നെയായിരുന്നു ,അക്കാദമി.
അത്യാവശ്യം പഠിക്കുന്ന, അതേസമയം “കാണാൻ കൊള്ളാവുന്ന” പെണ്പിള്ളേർ കുറച്ചേറെയുണ്ടായിരുന്ന ബാച്ചായിരുന്നു അന്നത്തെ ഞങ്ങളുടെ 10 B !
“10 B യിൽ നിറയെ ചരക്കുകളാണ് “
മറ്റൊരധ്യാപകനോട് മുരളി മാഷ് അങ്ങനെ പറഞ്ഞുവെന്നൊരു മഹാരഹസ്വം , മനസ്സാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ മണികണ്ഠനാണ്, മന്ത്ര തുല്യമായ ശബ്ദത്തിൽ അന്നെന്നെ അറിയിച്ചത് ! താളിന്റെ തളിരിലയിൽ തെന്നിക്കളിക്കുന്ന വെള്ളത്തുള്ളിയെപ്പോലെ , അക്കാര്യം മനസ്സിലടക്കിവെക്കാൻ കഴിയാതിരുന്നതിനാൽ ആത്മാർത്ഥ സുഹൃത്തായ ബാലചന്ദ്രന്റെ ചെവിയിലേക്ക് അത് ചിതറിത്തെറിക്കുകയും, അവനത് അപ്പോൾത്തന്നെ അധ്യാപകൻ കൂടിയായ സ്വന്തം ചേട്ടൻ ഗോപാലകൃഷ്ണൻ മാഷിനെ അറിയിക്കുകയും , അനന്തരം അതേക്കുറിച്ച് അന്വേഷിക്കാനായി അക്കാദമിയുട ഓഫീസ് മുറിയിലേക്ക് എന്നെ വിളിച്ചു വരുത്തുകയും ചെയ്തു.
” മുരളി മാഷ് അങ്ങനെ പറയുന്നത് നീ കേട്ടോ ?”
“ഇല്ല !”
“പിന്നെ ?”
” മണിയാണ് എന്നോടത് പറഞ്ഞത് !”
“അവൻ കേട്ടോ ?”
” ഇല്ല. അവനോട് മറ്റാരോ പറഞ്ഞതാണ് !”
“ആര്?”
ചോദ്യങ്ങൾ തുടരുന്നതിനിടയിൽ, പിന്നിൽനിന്ന് പെട്ടെന്നൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ , എല്ലാം കേട്ടുകൊണ്ട് മുരളി മാഷ് പിന്നിൽ നില്ക്കുന്നു !!
ദേഷ്യമോ, സങ്കടമോ , നിരാശയോ , അപമാനമോ അതോ എല്ലാം കൂടി ചേർന്നതോ ആയ ഒരു ഭാവത്തോടെ! ഒരിക്കൽക്കൂടി ആ മുഖത്തേക്ക് നോക്കാൻ കഴിയാതെ ഞാൻ തല താഴ്ത്തി. മായ്ച്ചു കളയാനെത്ര ശ്രമിച്ചിട്ടും , മനസ്സിലിന്നും മായാതെ നില്ക്കുന്നു , മാഷിന്റെ അന്നത്തെ ആ മുഖഭാവം!
സത്യത്തിൽ , മുരളി മാഷ് അന്നങ്ങനെ പറഞ്ഞിരുന്നോ ?ഇല്ലായെന്ന് പിന്നീട് മനസ്സിലായി .മാഷിനോട് വിദ്വേഷമുള്ള ആരോ പടച്ചുവിട്ട ആ പരദൂഷണത്തൊപ്പി റെയ്സ് മത്സരത്തിൽ , പാട്ട് നിലച്ചുപോയത് ,തൊപ്പി എന്റെ തലയിലെത്തിയപ്പോഴായെന്ന് മാത്രം ! അദ്ദേഹത്തോട് അതെല്ലാമെന്ന് തുറന്നു പറയണമെന്ന് തീരുമാനിച്ചതായിരുന്നു. ആദ്യമൊന്നും ധൈര്യം വന്നില്ല. പിന്നീട് പറയാൻ ചെന്നപ്പോഴേക്കും മാഷ് അക്കാദമി വിട്ടിരുന്നു. ഇപ്പോൾ എവിടെയാണെന്നറിയില്ല. ഒരു പക്ഷേ ,ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിലിരുന്ന് അദ്ദേഹമിത് വായിക്കാനിട വരികയാണെങ്കിൽ , അന്നത്തെ ആ അവിവേകം മാഷിന്റെ മനസ്സ് പൊറുക്കട്ടെ !
“പഠിക്കുന്ന ” പിള്ളേരെ പ്രത്യേകമായി നോട്ടമിടുകയെന്നത് ,ഇന്നത്തെപ്പോലെ അന്നും ട്യൂഷൻ സെന്ററുകളുടെ നടപ്പു രീതിയായിരുന്നു. SSLC ക്ക് ഒരു distinction ഉറപ്പായിരുന്നതിനാൽ , അടുത്തുള്ള നളന്ദ ട്യൂഷൻ സെന്ററിലെ അധ്യാപകർ വീട്ടിൽ നേരിട്ടെത്തി ,എന്നെ അവരുടെ സ്ഥാപനത്തിൽ ചേർക്കാൻ അച്ഛനോട് ആവശ്യപ്പെതുകയും ,”ഫീസൊന്നും വേണ്ട, നീ ഒന്ന് വന്നാൽ മാത്രം മതി”യെന്ന വലിയൊരു ഓഫർ മുന്നോട്ട് വെക്കുകയും ചെയ്തു!!
“ആലോചിച്ചു പറയാം” എന്നൊരു സാവകാശ ഹർജി സമർപ്പിക്കുന്നതിന് പകരം,
” ഓനിഷ്ടാണെങ്കിൽ ചേർന്നോട്ടെ .എനക്ക് വിരോധം ല്ലാ ! ” എന്ന് പറഞ്ഞ്
പന്ത് എന്റെ കോർട്ടിലേക്ക് തട്ടിയിട്ട് “ദുഷ്ടനാമച്ഛൻ ” പെട്ടെന്ന് തന്നെ നൈസായി സ്കൂട്ടായി !!
ശരീരത്തിന്റെ ഓരോ അണുവും “അക്കാദമിക്കായിരുന്ന ” എനിക്ക് അന്നവിടെ നിന്ന് മാറുന്ന കാര്യം ആലോചിക്കാൻ പോലും ആകുമായിരുന്നില്ല.എന്തുചെയ്യും ? വരില്ലാന്ന് തീർത്തു പറഞ്ഞ് വീട്ടിൽ വന്നു കയറിയ മാഷന്മാരെ വെറുപ്പിക്കാനും വയ്യല്ലോ? ആലോചിച്ചു നിൽക്കാനാണെങ്കിൽ അധികം സമയവുമില്ല.
അപ്പോൾ ഇങ്ങനെ പറയാനാണ് തോന്നിയത് –
” എന്റെ ഏറ്റവുമടുത്ത ഒരു സുഹൃത്തുണ്ട് ,ജയരാജ്. അവൻ വരികയാണെങ്കിൽ ഞാനും വരാം.!”
ഒരു ലോങ് റേഞ്ച് പാസിലൂടെ , പന്ത് ജയരാജിന് കൈമാറി തല്ക്കാലത്തേക്ക് ഞാൻ തടിയൂരി !
പക്ഷേ , അവർ വിട്ടില്ല. പകരം ,ജയരാജിന്റെ വീട്ടിലേക്ക് വിട്ടു !
പാവം,അന്നാച്ചങ്ങാതി ‘കയ്ച്ചലായത്” എന്തു പറഞ്ഞാണാ എന്തോ? അല്ലെങ്കിൽത്തന്നെ അവൻ എന്തു പറഞ്ഞാലും നമുക്കെന്താണ് ? അവനായി , അവന്റെ പാടായി !
തൊണ്ടയിലെവിടെയോ തടഞ്ഞു പോയ ശബ്ദം , പാട് പെട്ട് പുറത്തെടുക്കുന്നതു പോലുള്ള പ്രത്യേകമായൊരു സംസാര രീതിയും ,കൈകൾ പരസ്പരം പിണച്ചുവെച്ച് ക്ലാസ്സിൽ ആദ്യന്തം നില്ക്കുകയും , വഴിയരികിൽ വെച്ച് കണ്ടു മുട്ടുമ്പോൾ , വെറുതെയൊരു പുഞ്ചിരി സമ്മാനിച്ചാൽ അത് തിരിച്ചു തരില്ലെന്ന് മാത്രമല്ല , തലതിരിക്കുക കൂടി ചെയ്യുന്ന വിചിത്ര സ്വഭാവമുള്ള കെമിസ്ട്രി ഭരതൻ മാഷ് , പക്ഷേ അന്നും ഇന്നും എന്റെ ആരാധ്യ പുരുഷനാണ് ! അത്രമേൽ ആകർഷകമായിരുന്നു , അദ്ദേഹത്തിന്റെ അധ്യാപന ശൈലി.
അധ്യാപകരിൽ മാത്രമല്ല , വിദ്യാർത്ഥികളിലുമുണ്ടായിരുന്നു , പ്രത്യേകതകളുള്ള പലരും.
ചക്കക്കുരു തിന്നുമ്പം സരിഗമ പാടും _ ? എന്ന ചോദ്യവും ,ചോയ്സ് ആയി നാല് ശരീരാവയവങ്ങളുടെ പേരുകളും , അക്ഷരത്തെറ്റോടു കൂടി അക്കാദമിയുടെ ചുവരുകളിൽ അനുഷ്ഠാനം പോലെ എഴുതി വെക്കുകയും അതിന്റെ പേരിൽ സ്ഥിരമായി തല്ലു വാങ്ങുകയും ചെയ്തിരുന്ന സുഹൃത്ത് സമ്പത്തിന്റെ (യഥാർത്ഥ പേരല്ല) ചെയ്തികൾ ,ചെറിയൊരു ചിരിയോടെയല്ലാതെ ഓർത്തെടുക്കാനാവില്ല !
കുറുന്തിൽ സുരേശൻ മാഷിനെക്കുറിച്ച് പറയാതെ പോയാൽ , ഈ കുറിപ്പ് തന്നെ അപൂർണ്ണമായിപ്പോവും .അനാവശ്യമായി ആരേയും അടിച്ചിരുന്നില്ലെങ്കിലും , പിൻബെഞ്ചുകാരുടെ പോലും പേടി സ്വപ്നമായിരുന്നു , പ്രിൻസിപ്പൽ കൂടിയായ സുരേശൻ മാഷ്. തുളഞ്ഞു കയറുന്ന ,തീക്ഷ്ണമായ ഒരൊറ്റ നോട്ടത്തിലൂടെ ഏത് കൊലകൊമ്പനേയും വരുതിയിൽ നിർത്തിയിരുന്നു ,മാഷ് !
ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരങ്ങൾ നല്കുമ്പോൾ , ” അവൻ വല്ല കേന്ദ്രമന്ത്രിയോ മറ്റോ ആണെന്നാണ് തോന്നുന്നത് ! ഇരിക്കെടാ മന്ത്രി !!” എന്ന് പരിഹസിക്കുന്നത് പതിവായിരുന്നു. പരിഹാസത്തിന്റെ “പൂർത്തീഭാവ “മത്രയും ആ ഒരൊറ്റ വാക്കിലേക്ക് അദ്ദേഹം ആവാഹിച്ചിരുന്നു – “കേന്ദ്രമന്ത്രി”.! വർത്തമാനകാലത്തെ പല പുംഗവന്മാരുടെയും വർത്തമാനങ്ങൾ കേൾക്കുമ്പോൾ , സുരേശൻ മാഷ് പറഞ്ഞതെത്ര ശരിയായിരുന്നുവെന്ന് ഓർത്തു പോവും !
“സുരേശൻ മാഷ് അക്കാദമിയിൽ നിന്നു പിരിഞ്ഞു പോയത് സ്കൂളിലെ റിസൽടിനെ ബാധിച്ചു”- ചന്ത്രക്കാറൻ എന്ന് ചിലരെല്ലാം വിളിച്ചിരുന്ന പ്രിൻസിപ്പൽ , സ്റ്റാഫ് മീറ്റിങ്ങിൽ വെച്ച് അന്നങ്ങനെ പറഞ്ഞത് , സ്കൂളിലും അക്കാദമിയിലും വലിയ പ്രതിഷേധങ്ങൾ വിളിച്ചു വരുത്തി.
” നമ്മളൊക്കെ തൊണ്ട പൊട്ടിക്കുന്നതിന് ഒരു വിലയുമില്ല അല്ലേ? , അല്ല,അവിടെയും (സ്കൂളിൽ) ഉണ്ടല്ലോ കുറേപ്പേർ ? അവരെല്ലാം പിന്നെ ചെരക്കാനാണോ ചെല്ലുന്നത് ?” ദേഷ്യം അടക്കാനാവാതെ ബയോളജി ഭരതൻ മാഷ് എന്നോട് ചൂടായി _ ആ അഭിപ്രായം പറഞ്ഞത് ഞാനാണ് എന്ന ഭാവത്തിൽ ! അത്രത്തോളം അടുപ്പം അന്ന് ഞങ്ങൾ തമ്മിലുണ്ടായിരുന്നു.
ബിരുദാനന്തര ബിരുദവും ബി.എഡ്ഢുമെല്ലാമുണ്ടായിട്ടും , അധ്യാപനത്തിനുള്ള കഴിവുകൾ ആവശ്യത്തിലധികം ഉണ്ടായിട്ടു പോലും,ജോലി അന്വേഷിച്ച് അലയേണ്ടി വന്നിരുന്ന അന്നത്തെ അനവധി ചെറുപ്പക്കാരുടെ അഭയകേന്ദ്രം കൂടിയായിരുന്നു അക്കാദമി.
” ബെകിടന്മാരേ , മര്യാദക്ക് പഠിച്ചോ .ല്ലെങ്കി നമ്മടെ അവസ്ഥയാവും ” എന്നു പറഞ്ഞുകൊണ്ട് , തെറ്റുത്തരങ്ങൾ പറയുന്നവരുടെ കൈത്തണ്ടകളിൽ, ഒരു പക്ഷേ ഭരതൻ മാഷ് തല്ലിത്തീർത്തിരുന്നത് ആ അലച്ചിലിന്റെ അരിശം കൂടി ആയിരുന്നിരിക്കാം !
പിന്നെയും ഒരുപാടു പേരുണ്ട്…
ഒരു നടരാജ് പെൻസിലിന്റെ അത്രയും മെലിഞ്ഞ ശരീര പ്രകൃതമെങ്കിലും സുമുഖനും സുന്ദരനും സദാ സുസ്മേര വദനനുമായ ബയോളജി വിജയൻ മാഷ് …
” നിന്റെ ഓർമ്മയ്ക്ക്” എന്ന അധ്യായം പഠിപ്പിക്കുമ്പോൾ , ന്റെ എന്ന അക്ഷരം അസാധാരണമായ ഉറപ്പോടെ പറഞ്ഞിരുന്ന സുകുമാരൻ മാഷ് ..( മാഷ് ഓർമ്മയായി മാറിയ കാര്യം , വർഷങ്ങൾക്ക് ശേഷമാണ് ആരോ പറഞ്ഞറിയുന്നത്.) വേദന മാത്രം നിറയുന്ന ഒരോർമ്മയുടെ ബാക്കിപത്രമായി , നിന്റെ ഓർമ്മയ്ക്ക് എന്ന മാഷുടെ വാക്കുകൾ മനസ്സിലിപ്പോഴും മുഴങ്ങുന്നു.
അയവിറക്കിയാൽ അവസാനിക്കുന്നവയല്ല ,അക്കാദമിക് ഓർമ്മകൾ. അല്ലെങ്കിലും ഓർമ്മകളെല്ലാം ഒരേയൊരു കുറിപ്പിലൊതുക്കാനുമാവില്ലല്ലോ.
പറയാൻ വിട്ടുപോയവയുണ്ട് ; മനപ്പൂർവ്വം പറയാതിരുന്നവയും. ചിലതെല്ലാം ചിലരെയെങ്കിലും ചെറുതായി ബാധിച്ചേക്കുമെന്നതിനാൽ ഒഴിവാക്കിയവ. അവ മറ്റൊരാൾ അറിയില്ല. ദൃശ്യത്തിലെ ജോർജ്ജ് കുട്ടി പറയുമ്പോലെ , അവ എന്നോടൊപ്പം എന്നെന്നേക്കുമായി മണ്ണിൽ അലിഞ്ഞ് ചേരും. വരാനിരിക്കുന്ന ഒരുപാട് ഓർമ്മക്കുറിപ്പുകൾക്ക് വളമൊരുക്കുവാനായി. …
വളക്കൂറുള്ള മണ്ണൊരുക്കുവാനായി …