Montage

അനുഭവം

അനുഭവം

ആ ദേശത്തെ വിശാലമായ തടാകത്തിന്റെ കരയിലുള്ള ദേവാലയം. അതിനകത്ത് വെറുതെ കിടക്കുമ്പോഴാണ് അയാളുടെ പ്രിയ ചങ്ങാതി വന്ന് പറഞ്ഞത് ഇന്ന് അകലെയുള്ള ഗ്രാമത്തിലെ വിശുദ്ധന്റെകബറിടത്തിൽ ഗായകർ വരുമെന്നും രാത്രി മുഴുവൻ സംഗീതസദസ്സ് ഉണ്ടാകുമെന്നും.

അവർ രണ്ടു പേരും പോകാൻ തയ്യാറെടുത്തു. നേരം ഇരുട്ടിയതിന് ശേഷമാണ് അവർ വിദൂര ഗ്രാമത്തിലേക്ക് യാത്രയായത്. പാടങ്ങളും പറമ്പുകളും മൺപാതകളും കുഞ്ഞു അരുവികളും പിന്നിട്ട് അവർ നടന്നു.

ഗായകർ ആലാപനം തുടങ്ങിയിരുന്നു. വളരെ അകലെ നിന്നേ കേൾക്കാമായിരുന്നു സംഗീതം.
അവർ വിശാലമായ അലങ്കാരങ്ങളും ആൾക്കൂട്ടങ്ങളും കണ്ടു തുടങ്ങി. പല വർണ്ണത്തിലുള്ള ദീപങ്ങൾ തെളിഞ്ഞു നിന്നു. ഉയർന്ന ശബ്ദത്തിൽ സംഗീതം … ദൈവിക പ്രണയത്തിന്റെ മാസ്മരികത നിറഞ്ഞ സംഗീതം …. കേൾവിക്കാരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വിവിധ ഭാഷകളിൽ ഉള്ള ഗാനങ്ങൾ …
ഗാനം ഇഷ്ടപെടുന്ന കേൾവിക്കാർ ഗായക സംഘത്തിന് പണം നൽകുന്നു… അയാളും സുഹൃത്തും ആൾക്കൂട്ടത്തിൽ ചേർന്നു… ..

ദൈവിക സ്നേഹത്തെ ഭംഗിയോടെ ആലപിക്കുന്നെങ്കിലും അയാൾക്കെന്തോ ഒരു അപൂർണത അനുഭവപ്പെട്ടു . അയാൾ വിശുദ്ധന്റ കബറിനരികിലേക്ക് നടന്നു… നിറയെ അലങ്കാര ദീപങ്ങൾ.. .. സുഗന്ധ തിരികൾ….

കബറിനരികിൽ മൗനമായി നിൽക്കുമ്പോഴാണ് ഒരു വൃദ്ധൻ അരികിൽ വന്നത്.
നീ അന്വേഷിക്കുന്നത് ഇവിടെ കിട്ടില്ല …. ഇനിയും പോകണം… പുറത്തിറങ്ങി നേരെ കാണുന്ന വഴിയിലൂടെ ഇനിയും നടക്കൂ… അവിടെയാണ് യഥാർത്ഥ സംഗീതം.

അയാർ സുഹൃത്തിനേയും കൂട്ടി പുറത്തേക്കിറങ്ങി
പിന്നെയും നടന്നു.. .. അലങ്കാര ദീപങ്ങളും ആൾക്കൂട്ടങ്ങളും അകന്നു പോയി..
വഴികൾ ചെറുതായി വന്നു.

നടന്ന് നടന്ന് അവർ എത്തിയത് ഒരു മാവിൻ തോട്ടത്തിലാണ്. വിശാലമായ ആ തോട്ടത്തിന് നടുവിൽ ഒരു കുഞ്ഞ് ഒറ്റമുറി വീട്. നാലു ഭാഗവും വരാന്ത. മുറ്റത്ത് ചെറിയ ആൾക്കൂട്ടം, എല്ലാവരും നിലത്ത് വിരിപ്പുകളിൽ ഇരിക്കുന്നു. അതിൽ ഗായകനുണ്ട്, കേൾവിക്കാരുണ്ട് ..

അവരെ കണ്ടതും ആ കൂട്ടത്തിൽ നിന്നും വൃദ്ധനായ ഒരാൾ എഴുനേറ്റു വന്നു അവരെ സ്വീകരിച്ചിരുത്തി. അയാൾക്ക് ആ വൃദ്ധനെ ഓർമ വന്നു. ഒരിക്കൽ പരിചയപ്പെട്ടിട്ടുണ്ട്. പലയിടത്തും കണ്ടിട്ടുണ്ട്. ദേശങ്ങൾ മാറി മാറി സഞ്ചരിക്കുന്ന സൂഫിയാണാ വൃദ്ധൻ. സ്വന്തം പേരുപോലും മറന്നു പോയ ദൈവിക പ്രണയത്തിന്റെ പടവുകൾ കയറിയ ജ്ഞാന വൃദ്ധൻ, അദ്ദേഹത്തിന്റെ ആശ്രമം ആണത്.

ഗായകർ പാടുകയാണ് ….

വലിയ ബഹളങ്ങളല്ല, ഏക്താരയും ഹാർമോണിയവും മറ്റും ചേർന്ന താളം … ഇവിടെ സംഗീതം നാവിൽ നിന്നല്ല ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന് തോന്നി അയാൾക്ക്. പാടുന്നവരും കേൾക്കുന്നവരും വേർതിരിവില്ല .. മാവിൻ ചുവട്ടിൽ വിരിച്ച വിരിപ്പിലിരുന്ന് എല്ലാവരും സംഗീതത്തിൽ ലയിച്ചിരിക്കുന്നു….

കുറച്ചു സമയം അങ്ങനെ പോയ് … അയാളെ ആരോ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു… കുഞ്ഞു വീടിന്റെ വരാന്തയിൽ ചാക്ക് വിരിച്ച് അതിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരോടൊപ്പം അയാളും ഇരുന്നു. തീർത്തും ലളിതമായ ഭക്ഷണം. ചോറും ഉരുളക്കിഴങ്ങും പരിപ്പും ഒരുമിച്ചു ചേർത്ത് ഉണ്ടാക്കുന്ന പാവപ്പെട്ടവർ കഴിക്കുന്ന ഭക്ഷണം. വേറെ കറികൾ ഒന്നുമില്ല. അയാൾ സാവധാനം അത് ആസ്വദിച്ച് കഴിച്ചു ….

പുറത്ത് ഗായകൻ പാടുകയാണ് …

ഈ മണ്ണിൽ ചവിട്ടി
ആകാശത്തേക്ക്
ഉയർന്നു നിൽക്കുമ്പോൾ
നിനക്കു എന്തെല്ലാം
പദവികൾ , പേരുകൾ
ഒന്നോർക്കുക
ഈ മണ്ണിനു കീഴെ പോയാൽ
നിനക്കു ഒന്നും ഇല്ലാതെ
ആകുന്ന നേരം

നിന്റെ പ്രായവും പണവും
നിന്നെ വഞ്ചിക്കുന്നു
എന്ന് നീ തിരിച്ചറിയൂ
അവയെല്ലാം നിന്നെ വിട്ടു പോകും

ഒരിക്കൽ നീയും
നിന്റെ പ്രണയിനിയും മാത്രമാകും
ആ നാൾ നിന്റെ പ്രണയിനിയെ
നീ തിരിച്ചറിയാതെ പോയാൽ
അതാണ് നിന്റെ നഷ്ടം
തിരിച്ചെടുക്കാൻ കഴിയാത്ത
വലിയ നഷ്ടം

അതിനാൽ നീ പ്രണയിക്കുക
പ്രപഞ്ചത്തെ
അതിലെ ഓരോ അണുവിനെയും
പ്രണയിക്കുക
അതിലൂടെ നീ നിന്റെ
പ്രണയിനിയെ കണ്ടെത്തും

മനസ്സും ശരീരവും നിറഞ്ഞ നിമിഷങ്ങൾ രാവേറെ ആയി .
മനസ്സും ശരീരവും നിറഞ്ഞ നിമിഷങ്ങൾ രാവേറെ ആയി . എങ്കിലും ഗായകർ പാടുന്നുണ്ട് …അയാൾ തിരികെ ഇറങ്ങാൻ നേരം .വൃദ്ധൻ വന്നു തോളിൽ കൈ വച്ച്
പറഞ്ഞു
സന്തോഷമായി, ഇവിടെ വന്നു
നിങ്ങളുടെ കാലിൽ അഴുക്കു പറ്റിയല്ലോ,
എങ്കിലും ഇവിടെ വന്നു
ഹൃദയത്തിലെ ഇത്തിരി അഴുക്കുപോയാൽ
അത് മതി, അത് മാത്രം മതി …

ചെറിയ നിലാവിൽ, തണുപ്പിൽ ,പൂക്കൾ കൊഴിഞ്ഞു തുടങ്ങിയ കടുകുപാടങ്ങളും പിന്നിട്ട് അവർ തിരികെ യാത്രയായി ……

0

Abdul Nazar

nazargarshom@gmail.com View All Authors >>

Leave a Reply

Your email address will not be published. Required fields are marked *

five × five =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top