പഴയ സ്കെച്ബുക്കുകൾ തിരയുന്നതിനിടയിലാണ് ആ ചിത്രം ശ്രദ്ധിച്ചത് , വളരെ വര്ഷങ്ങള്ക്കു മുൻപ് കോളജ് പഠനകാലത്തു വരച്ചതായിരുന്നു. തരികളിൽ വസ്ത്രം നെയ്യുന്ന സിക്കിം വംശജരായ രണ്ടു പെണ്കുട്ടികളുടേതായിരുന്നു ആ ചിത്രം .
മലനിരകളിൽ കൊച്ചു പെട്ടികൾ അടുക്കി വെച്ചതുപോലുള്ള കെട്ടിടങ്ങളും അവയ്ക്കിടയിൽ വളരുന്ന പിൻമാരക്കാടുകളുമായി മനോഹരമായിരുന്നു ഗാങ്ടോക്ക് . നഗരത്തിന്റെ ഹൃദയഭാഗത്തായിരുന്നു ആ നെയ്ത്തുശാല . നിര നിരയായി ചേർത്ത് വെച്ച തരികളിൽ പലതരം ചത്രത്തുന്നലുകൾ ചെയുന്ന പെൺകുട്ടികൾ . അവരുടെ വൈധഗ്യ്രത്തിൽ മതി മറന്നിരിക്കുമ്പോളാണ് ആ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചത് . ആ നിരയുടെ അവസാനത്തെ തരിയിൽ നെയ്തുകൊണ്ടിരിക്കുകയായിരുന്നു അവൾ. പർവതങ്ങളുടെ ഗഹനതയും താഴ്വാരങ്ങളുടെ ശാന്തതയും നിറഞ്ഞ ആ കണ്ണുകൾ എന്തിനെയോ തിരയുന്നതായി തോന്നി.
പുതിയൊരു സൃഷ്ടിക്കായി വെമ്പൽ കൊണ്ട ഞാൻ , മുന്നിലെ തരികളിൽ നെയ്യുന്ന പെൺകുട്ടികളുടെ ചിത്രം വരയ്ക്കുവാൻ തുടങ്ങി.ആ പേജിലുടനീളം ആ കണ്ണുകൾ എന്നെ നോക്കുന്നതായി തോന്നി.
എത്ര പെട്ടെന്നായിരുന്നു ആ ചിത്രം പൂർത്തിയെതെന്നു ഓർത്തു ഞാൻ അത്ഭുതപ്പെട്ടു.കൈവിരലുകൾക്കു അസാമാന്യ വേഗം കൈവന്നതുപോലെ .
പറയാൻ വെമ്പിയ വാക്കുകൾ മനസ്സിൽ നിറച്ചു ഞാൻ ധൃതിയിൽ പുറത്തു കടന്നു.
മുറ്റത്തെ മറച്ചുവട്ടിലിരുന്നു ആ ചിത്രം പൂർത്തിയാക്കുമ്പോഴാണ് ചുറ്റും കൂടിയ കാഴ്ചക്കാരെ ശ്രദ്ധിച്ചത്. കൗതുകവും നിഷ്കളങ്കതയും നിറഞ്ഞ കണ്ണുകൾ.
അന്നത്തെ ജോലി കഴിഞ്ഞു ബസ് കാത്തുനിൽക്കുന്ന അവളെയാണ് തിരികെ ഇറങ്ങുമ്പോൾ കണ്ടത്. ചുറ്റുമുള്ള കൂട്ടുകാരികളുടെ വർത്തമങ്ങളിൽ നിന്നും
അവൾ കണ്ണുകളാൽ ആരെയോ തിരയുന്നതായി തോന്നി. കാഞ്ചൻജംഗയുടെ
താഴ്വാരങ്ങളിലെവിടെയോ അവളെയും കാത്തു നില്കുന്ന ഒരു കുടുംബത്തെ ഞാൻ സങ്കല്പിച്ചു .
ഇടയ്ക്കെപ്പോഴോ ഒരു ഒരു കൂട്ടുകാരി അവളുടെ അടുത്ത് ചെന്നപ്പോഴാണ് ഞാനതു ശ്രദ്ധിച്ചത്.തന്റെ ശബ്ദം അവളാ കൈവിരലുകൾക്കു നല്കിയതാണെന്നു ഞാൻ തിരിച്ചറിഞ്ഞു.ഒരു പക്ഷെ ഹിമാലയതാഴ്വാരങ്ങളുടെ സൗന്ദര്യം അവളെ മൂകമാക്കിയതാവാം.
ബസ്സിലെ ബഹളങ്ങൾ കേട്ടാണ് ഞാൻ ഉണർന്നത് .ഗാങ്ടോക്കിൽ നിന്നും പുറപ്പെട്ടു രണ്ടു മണിക്കൂറായി എന്ന് പറയുന്നത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു.
ദൂരെ കുഞ്ഞു പെട്ടികൾ മാത്രമായി ഗാങ്ടോക്ക് , അസ്തമയ സൂര്യനാൽ കൂടുതൽ സുന്ദരമായി കാണപ്പെട്ടു.
എപ്പോഴെനിക്കറിയില്ല ആ ചിത്രത്തുന്നൽ പൂർത്തിയായോ എന്ന് .താഴവരങ്ങളുടെ മനോഹാരിത മുറ്റിയ വൈകുന്നേരങ്ങളിൽ , തന്റെ വീട്ടിൽ അവളാ തുന്നൽ തുടരുന്നതായി ഞാൻ വെറുതെ സങ്കല്പിക്കാറുണ്ട് .